തിരുവനന്തപുരം: നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളിനും മദ്യത്തിനുമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടിയത്. സര്‍ക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തില്‍ ഏറ്റവും വലിയ നികുതിയല്ല. 1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്.
ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്യാനായില്ല. പ്രളയവും കൊവിഡും കാരണമായി. പല സ്ഥലത്തും യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. മാസങ്ങളായി രാജ്യത്ത് എണ്ണവിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഉയര്‍ത്തി വില വര്‍ധനവിന് കളമൊരുക്കിയിരിക്കുന്നത്.