ഇൻഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

0
13

സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയുടെ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. റൺവേയ്ക്ക് വെളിയിലുള്ള ചെളിയിൽ ടയർ പൂണ്ടുപോയതിനെ തുടർന്ന് അസമിലെ ജോർഹട്ടിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി.

വ്യാഴാഴ്ചയാണ് സംഭവം. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾ എടുത്തതിനാൽ വിമാന സർവീസ് റദ്ദാക്കുകയായിരുന്നുവെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ട ഇൻഡിഗോയുടെ 6ഇ757 വിമാനമാണ് ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ചെളിയിൽ പൂണ്ടുപോയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാത്രി 8.15 ഓടേയാണ് സർവീസ് റദ്ദാക്കിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാനത്തിൽ 98 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.