സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

0
107

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തൃപ്രങ്ങോട്ട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില്‍ ബാലകൃഷ്ണനെ(50) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പ്രതി ഏഴാം ക്ലാസുകാരനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിയുടെ മാനസിക നിലയില്‍ മാറ്റം വന്ന അധ്യാപകര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചൈല്‍ഡ് ലൈനിന് വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌ക്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കി. തുടര്‍ന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്.

സ്‌കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിനെ തുടര്‍ന്ന് ഉന്നത ബിജെപി നേതാക്കള്‍ കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തൃപ്രങ്ങോട് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു