മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്ന് എം. ശിവശങ്കറിറിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും
ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇന്നലെ വൈകുന്നേരം 3.15 നാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കർ അറസ്റ്റിലായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ.ഡി പറയുന്നത്.
സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്വപ്നയുൾപ്പെടെയുള്ളവരുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നുവെന്നു ഹൈക്കോടതി പറഞ്ഞു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകൾ അന്വേഷണ ഏജൻസികളുടെ കൈവശമുണ്ട്. എന്നാൽ പ്രതിച്ചേർക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.