നാല് വയസ്സുകാരനെ മടലുകൊണ്ടടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

0
102

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് നാല് വയസ്സുകാരനെ മടലുകൊണ്ടടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.
കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മടലുകൊണ്ട് മർദിച്ചതിന് പുറമേ കുട്ടിയെ എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു.
കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരിൽ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.