ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് തന്നെ: പിതാവ്

0
16

കോഴിക്കോട്: ഇര്‍ഷാദിന്റേത് ആത്മഹത്യയല്ലെന്നും ഇര്‍ഷാദിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ്. നീന്തല്‍ അറിയാമായിരുന്ന ഇര്‍ഷാദ് എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നും ഇര്‍ഷാദിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസര്‍ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാള്‍ മുമ്പ് ഇര്‍ഷാദിനെ തേടി നാട്ടില്‍ വന്നിട്ടുണ്ട്. അറസ്റ്റിലായ സമീര്‍ കബീര്‍, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൃതദേഹം മാറി സംസ്‌കരിക്കാന്‍ നല്‍കിയതിലും സംശയമുണ്ട്. മൃതദേഹം ദീപക്കിന്റേതാണോ എന്നതില്‍ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞത്. എന്നിട്ടും ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇര്‍ഷാദിന്റെ കുടുംബം ചോദിച്ചു.

നാസര്‍ എന്നയാളാണ് വിളിച്ചിരുന്നത്, രണ്ടുലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. ജൂലൈ ആറിനാണ് പന്തിരീക്കര സ്വദേശി ഇര്‍ഷാദിനെ കാണാതാകുന്നത്.തുടര്‍ന്ന് സ്വര്‍ണക്കടത്തുസംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പൊലീസിന് പരാതിനല്‍കി. അതിനിടെ കൊയിലാണ്ടി പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.