സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് ധൂര്‍ത്ത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

0
17

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് ധൂര്‍ത്താണെന്നും മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂളുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ എന്താണ് ഭരണഘടന വിരുദ്ധമായി ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സമ്മര്‍ദത്തിലാക്കി ബില്ലുകള്‍ ഒപ്പിടാന്‍ നോക്കേണ്ട, താന്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം.

സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് ധൂര്‍ത്താണ്.മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂളുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കാണെന്നും ഗവര്‍ണ്ണര്‍ വിമര്‍ശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വലിയ ആഘോഷങ്ങള്‍ നടത്താനും മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂള്‍ പണിയാനും സര്‍ക്കാരിന് കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു.