മുസ്ലീങ്ങളുടെ ഒന്നിലേറെയുള്ള വിവാഹം: തടയാനാകില്ലെന്ന് ഹൈക്കോടതി

0
26

കൊച്ചി: ഒന്നിലേറെ വിവാഹം ചെയ്യാനും തലാഖ് ചൊല്ലാനുമുള്ള മുസ്ലിം പുരുഷന്മാരുടെ അവകാശം തടയാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമ പ്രകാരമുള്ള നടപടികള്‍ നിയമപരമായതിനാല്‍ അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ തലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിച്ച കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ മുസ്ലീം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പെട്ട ബഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ഭര്‍ത്താവ് ഒന്നും രണ്ടും തലാഖ് ചൊല്ലി മൂന്നാം തലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹര്‍ജിയില്‍ കുടുംബ കോടതി തലാഖ് തടഞ്ഞ് ഉത്തരവിട്ടത്. മറ്റൊരു ഹര്‍ജി പരിഗണിച്ച് വിവാഹവും തടഞ്ഞു.

മതപരമായ വിശ്വാസം സ്വീകരിക്കാന്‍ മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിനിയമ പ്രകാരമുള്ള നടപടികള്‍ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ അത് നിര്‍വഹിക്കുന്നത് തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും ഉത്തരവിലുണ്ട്.