വഴി തടസം ചോദ്യം ചെയ്ത യുവാക്കളുടെ മേല്‍ തിളച്ച ടാറൊഴിച്ചു, എട്ട് പേര്‍ പിടിയില്‍

0
22

റോഡ് പണിക്കിടെ വഴിതടസം ചോദ്യം ചെയ്ത കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട് എട്ടുപേര്‍ കസ്റ്റഡിയില്‍. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ ഉള്‍പ്പടെ എട്ടുപേരാണ് പൊലീസ് കസ്റ്റഡിയിലായത്. കൊച്ചി ചെലവന്നൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂര്‍ ചിറമേല്‍പറമ്പില്‍ വിനോദ് വര്‍ഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇവര്‍ ബന്ധുക്കളാണ്.

റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയവര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.