ശമ്പളം നൽകാതെ 12 മണിക്കൂർ ജോലി ചെയ്യിക്കരുത്: കെ.എസ്.ആർ.ടിസിയോട് ഹൈക്കോടതി

0
25

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാതെ 12 മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി. സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തേണ്ടതില്ല. തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ടാവണം വ്യവസ്ഥകൾ വയ്ക്കാനെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ശമ്പളം സമയബന്ധിതമായി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിയ്ക്കുകയായിരുന്നു കോടതി.

ശമ്പളം കൊടുക്കാതെ സ്ഥാപനത്തിന് എത്രനാൾ മുന്നോട്ടുപോകാനാവുമെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റ് 10 നകം ശമ്പളം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലായില്ല. കോടതി ഉത്തരവ് എന്തുകൊണ്ടാണ് പാലിയ്ക്കാത്തതെന്നും കോടതി ചോദിച്ചു.

ജൂണിലെ ശമ്പളം കൊടുത്തുതീർത്തുവെന്നും ഓഗസ്റ്റിലെ ശമ്പളം നൽകണമെങ്കിൽ സർക്കാർ സഹായം കൂടിയേതീരുവെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ വ്യക്തമാക്കി. സർക്കാർ സഹായിച്ചില്ലെങ്കിൽ പ്രവർത്തനം ബുദ്ധമുട്ടിലാകും. ഇതിന് മറുപടിയായി സർക്കാർ സഹായിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തലാക്കുമോയെന്ന് കോടതി ചോദിച്ചു.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയ്ക്ക് ഒരു മന്ത്രിയുണ്ടെയെന്നും കോടതി ചോദിച്ചു. പ്രശ്നങ്ങൾ എങ്ങനെ പരിഹരിയ്ക്കാനാവുമെന്ന് കോടതിയ്ക്കും രൂപമില്ല. ആസ്തികൾ വിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിയ്ക്കണം. ശമ്പളം കൊടുക്കാൻ സർക്കാർ ഗൗരവമായി ആലോചിച്ചാൽ നടപ്പിലാകും. പ്രതിസന്ധി പരിഹരിച്ച് സർക്കാർ ക്രെഡിറ്റ് എടുത്തുകൊള്ളൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.