നായ കുറുകെ ചാടി, ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു

0
518

കുറവിലങ്ങാട്: വനിതാ ഓട്ടോ ഡ്രൈവർ ഓട്ടോ മറിഞ്ഞ് മരിച്ചു. ഉഴവൂർ പഞ്ചായത്ത് കവല ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഉഴവൂർ കരുനെച്ചി ശങ്കരാശേരിയിൽ വിജയമ്മ സോമനാ(54)ണ് മരിച്ചത്. നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

അതിഥി തൊഴിലാളികളുമായി കൂത്താട്ടുകുളത്തിനു പോകുംവഴി ഇന്നലെ രാവിലെ 6.50 നു വെളിയന്നൂർ കുളങ്ങരാമറ്റത്തായിരുന്നു അപകടം. വിജയമ്മയുടെ ശരീരത്തേക്കാണ് ഓട്ടോറിക്ഷ വീണത്. തലയുടെ പിൻഭാഗം റോഡിലിടിച്ചു തകർന്നിരുന്നു. യാത്രക്കാർ രക്ഷപ്പെട്ടു. അപകടം നടന്നയുടനെ വിജയമ്മയെ നാട്ടുകാർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ് സോമൻ പെയിന്റിങ് തൊഴിലാളിയാണ്. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: സന്ദനു ഇലഞ്ഞി. ഷാൽ ശശി കരുമത്തണ്ടേൽ മൂവാറ്റുപുഴ. സംസ്‌കാരം ഇന്നു വൈകിട്ട് 3.30-നു വീട്ടുവളപ്പിൽ.