പത്തനംതിട്ടയിൽ കനത്തമഴയും ഉരുൾപൊട്ടലും, ഒഴുക്കിൽ പെട്ട 22 കാരനെ കാണാനില്ല

0
24

പത്തനംതിട്ട : ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ നദികളിൽ ജലനിരപ്പുയർന്നു. റാന്നി വെച്ചച്ചൂച്ചിറ കൊല്ലമുള വില്ലേജിൽ പലകക്കാവിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു . പൊക്കണാമറ്റത്തിൽ അദ്വൈത് (22) ആണ് ഒഴുക്കിൽ അകപ്പെട്ട് കാണാതായത്.രക്ഷപെട്ട സാമുവേൽ (22) നെ മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിന് ഫയർ ഫോഴ്‌സിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അതിശക്തമായ മഴയെ തുടർന്ന് പമ്പയാറ്റിൽ ജലനിരപ്പ് വേഗത്തിൽ ഉയരുന്നുണ്ട്. റാന്നി അങ്ങാടി ബോട്ടിജെട്ടി കടവിൽ ആറടി വെള്ളം ഉയർന്നു. മഴവെള്ള പാച്ചിലിൽ കൊക്കത്തോട് നെല്ലിക്കപാറ ചപ്പാത്തിൽ ഒരു കാർ ഒഴുക്കിൽപ്പെട്ടു എങ്കിലും ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു .നാട്ടുകാർ വടം കൊണ്ട് കാർ സമീപത്തുള്ള തെങ്ങിൽ കെട്ടി നിർത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. കക്കാട്ടാറിന്റെയും പമ്പാ നദിയുടേയും തീരവാസികൾ ശ്രദ്ധിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

വലിയ മലവെള്ളപാച്ചിലാണ് കിഴക്കൻ മേഖലകളിൽ ഉണ്ടായിട്ടുള്ളത്. ആങ്ങമൂഴി , വയ്യാറ്റുപുഴ മേഖലകളിൽ ഉരുൾ പൊട്ടുകയും വയ്യാറ്റുപുഴയിൽ റോഡുകൾ മുങ്ങുകയും ചെയ്തു.
മഴയിൽ സീതത്തോടിന്റെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
തോടുകൾ കരകവിഞ്ഞു വീടുകളിലും വ്യപാരസ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

അടുത്ത നാല് ദിവസവും ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.മഴക്കെടുതിയിൽ പെട്ടവർക്കായി ജില്ലയിൽ അടിയന്തിര സഹായത്തിന് കൺട്രോൾ റൂമുകൾ തുടങ്ങിയിട്ടുണ്ട് .

സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ : 1077. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 0468 2 322 515, 9188 297 112, 8078 808 915.
താലൂക്ക് ഓഫീസ് അടൂർ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.