സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു; ലത്തീന്‍ സഭാ സര്‍ക്കുലര്‍

0
74

തിരുവനന്തപുരം :ന്യായമായ ആവശ്യങ്ങള്‍ സാധിച്ച് കിട്ടും വരെ വിഴിഞ്ഞത്തെ സമരം തുടരുമെന്ന് ലത്തീന്‍ സഭ. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത പ്രതിഷേധാര്‍ഹമാണെന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു.

സര്‍ക്കാര്‍ നിസംഗത തുടരുന്നു. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ന്യായമായ ആവശ്യം തുടരും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സര്‍ക്കുലറിലുണ്ട്.