വിഴിഞ്ഞം സമരം; ലത്തീന്‍ അതിരൂപതയുമായി ഇന്ന് ജില്ലാതല സര്‍വകക്ഷിയോഗം

0
26

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുമായി ഇന്ന് ജില്ലാതല സര്‍വകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തില്‍ റാലിയും ഉപരോധവും നടക്കും.

മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ പ്രക്ഷോഭത്തില്‍ സമവായത്തിന്റെ എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തില്‍ ചേരുന്ന ജില്ലാതല സര്‍വകക്ഷി യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ച നടത്തും.

പുനരധിവാസ പദ്ധതികള്‍ ഉള്‍പ്പെടെ അതിരൂപതയുടെ ഓരോ ആവശ്യങ്ങളും വെവ്വേറെ ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയോട് വിശദീകരിക്കും. ആവശ്യമെങ്കില്‍ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേരും. അതേസമയം തുറമുഖ പണിമുടക്കിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഏഴ് ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപത.