വിവാഹം ഉറപ്പിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരന്‍ അറസ്റ്റില്‍

0
34

മലപ്പുറം: വിവാഹം ഉറപ്പിച്ച ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയെ വിവാഹം ചെയ്യാനിരുന്ന യുവാവ് അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശിനി മന്യ (22) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അശ്വിന്‍ (26) ആണ് അറസ്റ്റിലായത്. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുതവരന്‍ മന്യയെ മാനസികമായി പീഡിപ്പിച്ചതായി വ്യക്തമായി.

മന്യയും അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം ഉറപ്പിച്ചത്. തുടര്‍ന്ന് ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ മന്യയുമായി ഫോണില്‍ സംസാരിച്ച് തെറ്റിപിരിഞ്ഞിരുന്നു. മന്യയെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.

വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.