കണ്ണൂർ: വൈദികർക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ വിഷയം പരിഹരിക്കാൻ സർക്കാർ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ആർക്കും സമരം ചെയ്യാൻ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അതിനെ എതിർക്കേണ്ടതില്ല. പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയിൽ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാരാഷ്ട്രീയ പാർട്ടികളും യോഗം ചേർന്ന് പദ്ധതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ ചില ശക്തികൾ ഇതിനെതിരെ ജനങ്ങളെ ഇളക്കിവിടുകയായിരുന്നുവെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ കാര്യത്തിലും ഇതുതന്നെയാണുണ്ടായത്. ശ്രീചിത്രയിലും മെഡിക്കൽ കോളേജിലും ആവിക്കരയിലെതുപോലുള്ള പ്ലാന്റുണ്ടാക്കിയിട്ടുണ്ട്. അവിടെ ആളുകൾക്ക് ഇരിക്കാനും കാണാനുമുള്ള സുന്ദരമായ സ്ഥലമുണ്ടാക്കി. ഒരു തവണ കൂടി ശുദ്ധീകരിച്ചാൽ കുടിക്കാൻ പോലും ആവെള്ളം കുടിക്കാൻ പോലും പറ്റുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അൻപതുവർഷക്കാലത്തെ അപ്പുറം കടന്നുള്ള പദ്ധതിയാണിത്.
ഇതുപോലെതന്നെയാണ് ആവിക്കരയിൽ പ്ലാന്റുകൊണ്ടു യാതൊരു ദോഷവും വരാനില്ല. കണ്ണൂർ ചാലാട് അമൃത്പദ്ധതിയുടെ ഭാഗമായി നടത്തുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള സമരം പിന്നീട് ഇടപെട്ടു തിരുത്തിച്ചു. പ്രതിഷേധിച്ചവരോട് തിരുവനന്തപുരം കോർപറേഷനിലെ പ്ലാന്റ് പഠിക്കാൻ അയച്ചപ്പോൾ അവർക്കു ബോധ്യമായി. കണ്ണൂരിലെ ഏറ്റവും മലിനവും ദുർഗന്ധവും വമിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചാലാടെന്ന് അതിലൂടെ യാത്രചെയ്യുന്ന എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് 27 കോടിരൂപ ചെലവഴിച്ചു അമൃത്പദ്ധതി അവിടെ നടപ്പിലാക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ സമരം ചെയ്ത ശുചീകരണ തൊഴിലാളികളുടെ വിഷയം ഇതുവരെ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അവർ നടത്തിയ സമരത്തിന്റെ രൂപത്തെ കുറിച്ചറിയില്ല. എല്ലാപ്രക്ഷോഭങ്ങളെയും സമരങ്ങളെയും എതിർക്കുകയോ സമരം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നത് പാർട്ടി നിലപാടല്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഈക്കാര്യത്തിൽ ആവശ്യമാണെങ്കിൽ തിരുത്തൽ വരുത്തുന്ന പാർട്ടിയാണ് സി.പി. എം. സ്വയം നവീകരിക്കാതെ കേരളത്തിന് മുൻപോട്ടുപോകാനില്ല.
അങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് എൽ.ഡി. എഫ് സർക്കാരിനെ വീണ്ടും ജനങ്ങൾ അധികാരത്തിലെത്തിയത്. കെ.റെയിൽ കേരളത്തെ സംബന്ധിച്ചിടുത്തോളം അനിവാര്യമാണെന്നും അതു കേന്ദ്രാനുമതി ലഭിച്ചാൽ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി കെ.വിജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ പങ്കെടുത്തു. കെ.സന്തോഷ്‌കുമാർ നന്ദിപറഞ്ഞു.