മാപ്പ് എഴുതി കീശയില്‍ ഇട്ടാല്‍ മതി, ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം തള്ളി മന്ത്രി വി അബ്ദുറഹിമാന്‍

0
44

തിരുവനന്തപുരം: മാപ്പ് എഴുതി കീശയില്‍ ഇട്ടാല്‍ മതി. അതു കേള്‍ക്കാന്‍ ഇരിക്കുന്ന ആളുകള്‍ അല്ല ഇവിടെയുള്ളതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. വര്‍ഗീയ പരാമര്‍ശം നടത്തിയ നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.

”കേരളം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കുന്ന നാടല്ല ഇത്. നിയമ നടപടികളുമായി മുന്നോട്ടു പോകും. മാപ്പ് എഴുതി കീശയില്‍ ഇട്ടാല്‍ മതി. അതു കേള്‍ക്കാന്‍ ഇരിക്കുന്ന ആളുകള്‍ അല്ല ഇവിടെയുള്ളത്. ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട. നാവിന് എല്ലില്ലെന്ന് പറഞ്ഞ് എന്തും വിളിച്ചു പറഞ്ഞിട്ട് വൈകിട്ട് മാപ്പ് പറഞ്ഞാല്‍ പൊതുസമൂഹം അംഗീകരിക്കുന്നെങ്കില്‍ അംഗീകരിക്കട്ടെ ഞാന്‍ അത് സ്വീകരിക്കുന്നില്ല. പൊതുസമൂഹം ഒന്നുമല്ലെന്നും എന്തും വിളിച്ചു പറയാന്‍ അധികാരം തങ്ങള്‍ക്കുണ്ടെന്നുമുള്ള അഹങ്കാരമാണ്. അത് നടക്കട്ടെ” – അബ്ദുറഹിമാന്‍ വ്യക്തമാക്കി.

തീവ്രവാദ സ്വഭാവമുള്ള എന്ന വാക്ക് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള വികസന പദ്ധതി എന്നാണ് പറഞ്ഞത്. ശ്രീലങ്കയും സിംഗപ്പൂരും കഴിഞ്ഞാല്‍ ഏറ്റവും സാധ്യതയുള്ള തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. അതു നടപ്പായാല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം തന്നെയാണ് മന്ത്രി ആവര്‍ത്തിച്ചു.