തിരുവനന്തപുരം: സോളാർ കേസ് പ്രതിയെ ഉദ്ദേശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പരമാർശത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുമ്പ് മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കും അല്ലെങ്കിൽ പിന്നീട് ആവർത്തിക്കാതിരിക്കാൻ നോക്കും എന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിലാണ് കേസ്. യു.ഡി.എഫ് സംഘടിപ്പിച്ച വഞ്ചനാ ദിനം ഉദ്ഘാടനം ചെയ്യവെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്.
സോളാർകേസിലെ പ്രതി ലൈംഗിക ചൂഷണത്തിനിരയായതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരായ പോലീസിന്റെ തുടർനടപടികളാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്. സോളാർ കേസിലെ പ്രതി തന്നെ വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തു.