കുതിരവട്ടത്ത് നിന്നും മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

0
111

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെയാണ് കർണാടകയിൽ നിന്നും പൊലീസ് പിടികൂടിയത്. ധർമസ്ഥലയിൽ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനിൽ മംഗലാപുരത്തെത്തിയ പ്രതി അവിടെ നിന്ന് ധർമസ്ഥലയിലെത്തുകയായിരുന്നു. പ്രതിയെ കൊണ്ടുവരാൻ കേരള പൊലീസ് ധർമസ്ഥയിലേക്ക് പോയിട്ടുണ്ട്. ഇന്ന് കോഴിക്കോടെത്തിക്കുമെന്നാണ് വിവരം.

ഞായറാഴ്ച രാത്രിയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. വിനീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയതിനെ തുടർന്ന് അഴിച്ചുമാറ്റാൻ അഗ്‌നി രക്ഷാ സേന എത്തിയിരുന്നു. ഇവർക്കായി സെൽ തുറന്ന സമയം വിനീഷ് രക്ഷപ്പെടുകയായിരുന്നു.

നേരത്തെ റിമാൻഡിലിരിക്കെ ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വർഷമാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് ഏലംകുളം എളാട് സ്വദേശി ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവ ദിവസം തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശേഷം ഓടി രക്ഷപ്പെട്ട പ്രതി വഴിയിൽ കണ്ട ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവ്വം സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.