നവജാത ശിശുവിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു

0
24

ഇടുക്കി : നവജാത ശിശുവിനെ അമ്മ വെള്ളം നിറച്ച ബക്കറ്റിൽ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. കരിമണ്ണൂരിലെ വീട്ടിൽ വച്ച് പ്രസവിച്ച ഉടൻ യുവതി നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാലിക്കാര്യത്തിൽ പൊലീസിന് സംശയമുണ്ട്.

ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്.