ആധാറില്‍ നവജാത ശിശുക്കളുടെ പേരും ചേര്‍ക്കാമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എന്നാല്‍ എന്റോള്‍ ചെയ്യാന്‍ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും സൗജന്യമായി പുതുക്കാം. അല്ലാത്തപക്ഷം നൂറ് രൂപ ഫീസ് നല്‍കണം. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും ഒരു പുതുക്കലും നടത്തിയിട്ടില്ലെങ്കില്‍, തിരിച്ചറിയല്‍ രേഖകളും, മേല്‍വിലാസ രേഖകളും ഓണ്‍ലൈനായി ജൂണ്‍ 14 വരെ സൗജന്യമായി അപ്ലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യാം. ഇതിനായി https://myaadhaar.uidai.gov.in സന്ദര്‍ശിച്ച്, ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷന്‍ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ, ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 രൂപ നിരക്കില്‍ ചെയ്യാം. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. അക്ഷയ സെന്ററുകള്‍, മറ്റ് ആധാര്‍ സെന്ററുകള്‍ വഴി മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ ആധാറില്‍ ഉള്‍പ്പെടുത്താനാകും.