മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (84) അന്തരിച്ചു

0
238

പത്തനാപുരം: മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (84) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിൽ ഇന്നലെ രാത്രി 7.35ന് ആയിരുന്നു അന്ത്യം. 2013 മുതൽ ഇവിടെ അന്തേവാസിയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.

പതിനഞ്ചാം വയസ്സിൽ ആലപ്പി വിൻസെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തിൽ ”താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി” എന്ന ഗാനം പാടിയാണ് മലയാള സിനിമാരംഗത്തേക്കു കടന്നുവന്നത്. ആദ്യമായി എൻ എൻ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്‌സ് എന്നിവയിലും തുടർന്ന് കെ.പി.എ.സി.യിലും അഭിനയിച്ചു. തുറക്കാത്ത വാതിൽ, ഇന്നല്ലെങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകുകയും ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്ത ചിത്രങ്ങളും ഇതിൽപ്പെടും.

കേരള സംഗീതനാടക അക്കാദമി 2018-ൽ ഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ചു. ഭർത്താവ് കേരള പോലീസിൽ എസ്.ഐ. ആയിരുന്ന പരേതനായ ശ്രീധരൻ തമ്പിയാണ്. മക്കൾ സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി, പരേതയായ അമ്പിളി.

LEAVE A REPLY

Please enter your comment!
Please enter your name here