കുഴിയിൽ വീണ് മരണം: കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

0
39

കൊച്ചി : നെടുമ്പാശ്ശേരി ദേശീയപാതയിൽ ഹോട്ടൽ ജീവനക്കാരൻ കുഴിയിൽ വീണുമരിച്ച സംഭവത്തിൽ ദേശീയപാത കാരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിക്ക് 18 വർഷത്തെ കരാറാണുള്ളത്. എന്നാൽ, അറ്റകുറ്റ പണി നടത്തുന്നതിൽ കമ്പനി വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി സ്വമേഥയായെടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. നെടുമ്പാശ്ശേരിയിലുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

റോഡിലെ കുഴിയിൽ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുഴിയിൽ വെളളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ ടാറിങ്ങ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയിൽ പെട്ടാണ് ഹാഷിമിന്റെ മരണം. ഇതിനുപുറമെ കഴിഞ്ഞ ദിവസം സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികളും കുഴിയിൽ വീണിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാരാർ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തത്.