വിഴിഞ്ഞം തുറമുഖ സമരം സമവായമായി

0
54

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം സമവായമായി. മുഖ്യമന്ത്രിയുമായി സമരസമിതി കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്നും പൂര്‍ണ്ണതൃപ്തിയില്ലെന്നും സമരസമിതി പറഞ്ഞു.

കടലോരത്ത് നിന്ന് മാറ്റിയവരുടെ വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5500 മതിയെന്ന് സമരസമിതി മുഖ്യമന്ത്രിയോട് വ്യക്തമാക്കി. അദാനി സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധ സമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധ സമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററി കമ്മറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.