സജി ചെറിയാന്‍ വീണ്ടും മന്ത്രി പദത്തിലേയ്ക്ക്, സത്യപ്രതിജ്ഞ നാളെ വൈകിട്ട്

0
45

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ അംഗീകരിച്ചു. നാളെ വൈകിട്ട് നാലു മണിക്ക് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിയുടെ പേര് ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നാണ് നിയമോപദേശം ലഭിച്ചത്.