ചിന്തയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി, പരിഹാസവുമായി മുന്‍ എം എല്‍ എ ശബരിനാഥന്‍

0
24

കേരളാ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ 17 മാസത്തെ ശമ്പള കുടിശികയായി എട്ടര (8.50) ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ എം എല്‍ എ ശബരിനാഥന്‍. ദീര്‍ഘ കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശമ്പളകുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളെന്ന് ശബരിനാഥന്‍ ഫേസ്ബുക്കില്‍ എഴുതി.

കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്തയുടെ ശമ്പള കുടിശിക വിഷയം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ശബരിനാഥന്റെ കുറിപ്പ് പൂര്‍ണരൂപം:

ക്യാപ്‌സുല്‍

ദീര്‍ഘ കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശമ്പളകുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങള്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശമ്പളം ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയത്തോടെ 14/10/2016 മുതല്‍ 25/05/2018 വരെയുള്ള 17 മാസങ്ങള്‍ക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുന്‍കാലപ്രാബല്യത്തില്‍ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.

ചിന്തയുടെ നിരന്തര അഭ്യര്‍ത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സര്‍ക്കാര്‍ മുട്ട് മടക്കിയത്. താന്‍ ഒരു ശുപാര്‍ശയും നല്‍കിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പറഞ്ഞത് ഒരു സൈക്കളോജിക്കല്‍ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലാല്‍ സലാം സഖാവെ.