മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും: മുഖ്യമന്ത്രി

0
30

തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്പോട്ടുകളില്‍ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഹെവി വെഹിക്കിളുകളില്‍ ഡാഷ്ബോര്‍ഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കി ട്രാഫിക്ക് ഇഞ്ചിനിയറിംഗ് ഡിസൈന്‍സ് വികസിപ്പിക്കണം. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.