താൻ ഒളിച്ചോടിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിന് എതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതി.
വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയിൽ ആയുധമായി മാറിയ പിതൃശൂന്യ ഓൺലൈൻ മാധ്യമത്തിനെതിരെയാണ് പരാതിയെന്ന് ശോഭ സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പേര് പറയാതെ ‘ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം’ എന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്.
എന്നാൽ പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസ്സിലാക്കുന്ന തരത്തിലാണ് വാർത്ത നൽകിയിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് ശോഭ പരാതി നൽകിയിരിക്കുന്നത്. സൈബർ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചാരണങ്ങൾക്ക് എതിരേയാണെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.