മലയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ നേതാവുമുള്‍പ്പടെ
ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് (29), തൃശൂര്‍ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്. സുമേജ് (21), മലയം ചിത്തിരയില്‍ എ. അരുണ്‍ (27), മണികണ്ഠന് വിഴവൂര്‍ വഴുതോടുവിള ഷാജി ഭവനില്‍ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ ആര്. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ എ.അനന്തു(18) എന്നിവരാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ടവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി പെണ്‍കുട്ടിയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടി ബാഗും തുണികളുമായി വീട്ടില്‍ നിന്നിറങ്ങിയത് സഹോദരന് കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.