തൃശ്ശൂരില്‍ അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകന്‍ സ്റ്റേഷനിലെത്തി കീഴടങ്ങി

0
26

തൃശൂര്‍ : തൃശ്ശൂരില്‍ അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകന്‍ സ്റ്റേഷനിലെത്തി കീഴടങ്ങി. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്നിലാണ് മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. വാടക വീട്ടില്‍ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്.

ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടില്‍ നിന്ന് ജോലിക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മില്‍ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന് അച്ഛന്‍ ചാത്തൂട്ടി പറയുന്നു.

ഒരു മാസം മുമ്പാണ് ശോഭനയും ഭര്‍ത്താവ് ചാത്തൂട്ടിയും മകന്‍ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റര്‍ മാറിയുള്ള താലൂര്‍പാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തര്‍ക്കമുണ്ടായി. ഈ സമയം അച്ഛന്‍ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്റെ ഹാളില്‍ വച്ച് അമ്മയുടെ തലയില്‍ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്.

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ശോഭനയെ മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ സാമ്പത്തിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചിട്ടുണ്ട്.