തിരുനാവായ: കൈത്തക്കര ഹിഫ്ലുല്‍ ഖുര്‍ആന്‍ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി ഒറുവില്‍ ജംഷീര്‍-ഷഹര്ബാന് ദമ്പതിമാരുടെ മകന് മൊയ്തീന് സാലിഹ് (11) ആണ് മരിച്ചത്.
വിദ്യാര്‍ഥികളെല്ലാം മഹല്ല് ജുമാമസ്ജിദിനടുത്തുള്ള കോളേജില്‍ ഒരൊറ്റ വലിയ മുറിയിലാണ് കിടക്കാറുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ സഹപാഠികളായ വിദ്യാര്‍ഥികളാണ് തൂങ്ങിയനിലയില്‍ കാണുന്നത്. പള്ളിക്കമ്മിറ്റി അംഗങ്ങളെ അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡംഗം കെ.ടി. മുസ്തഫ കല്‍പ്പകഞ്ചേരി പോലീസിനെ വിവരമറിയിച്ചു. എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്നുള്ള വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇരട്ടകളായ സാലിഹും ഹുസെയ്ന്‍ സാദിഖും മൂന്നുമാസം മുന്‍പാണ് കോളേജില്‍ പഠനത്തിനെത്തിയത്. കഴിഞ്ഞദിവസം ബന്ധുവീട്ടില്‍ ഇരുവരും പോയിരുന്നു. പനി ബാധിച്ചതിനാല്‍ സാദിഖിനെ കോളേജിലേക്ക് വീട്ടുകാര്‍ അയച്ചില്ല. മരണത്തിനു കാരണമായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പിതാവിന്റെ സഹോദരന് നവാസ് ഷരീഫ് ആവശ്യപ്പെട്ടു. ഹുസ്ന നസ്റിനാണ് മരിച്ച മൊയ്തീന് സാലിഹിന്റെ സഹോദരി.