അമ്മയുടെ കണ്ണ് ചവിട്ടിപ്പൊട്ടിച്ചു, മകനെതിരെ കേസെടുത്ത് പോലീസ്

0
695

പാവറട്ടി: അമ്മയുടെ കണ്ണ് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിച്ച മകനെതിരേ പോലീസ് കേസെടുത്തു. കാക്കശേരി പുളിഞ്ചേരി പടിപാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരി (71) യെയാണ് മദ്യലഹരിയിലെത്തിയ മകൻ മർദിച്ചത്. മേരിയെ മർദിച്ചവശയാക്കിയ ശേഷം കണ്ണ് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

മേരിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശനിയാഴ്ച മദ്യപിച്ചെത്തി തന്നെ മർദിക്കാൻ തുടങ്ങിയതോടെ മേരി പോലീസിനെ വിളിച്ചു. ഇതിന്റെ ദേഷ്യത്തിൽ തിങ്കളാഴ്ച രാവിലെ ഇയാൾ മേരിയെ മർദിച്ചവശയാക്കി നിലത്തിട്ട് ചവിട്ടി. കണ്ണിൽ രക്തം കട്ടപിടിച്ച് നീര് വച്ചതിനെത്തുടർന്ന് ഉടൻ ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.

കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച പോലീസ് മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. എങ്ങനെയെങ്കിലും മകന്റെ മർദനത്തിൽനിന്ന് രക്ഷിക്കണമെന്ന് മേരി പോലീസിനോട് പറഞ്ഞു.