ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്, മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് തൂങ്ങിമരിച്ച നിലയില്‍

0
27
closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ദില്ലി സ്വദേശിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍ ഐ എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍ ഐ എ ഓഫീസില്‍ എത്താനിരിക്കെയാണ് മരണം.

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒമ്പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ആദ്യഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു.

കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.