വൈദികന്റെ വീട്ടിൽ മോഷണം, അലമാരി തുറന്ന് സ്വർണ്ണം കവർന്നു

0
84

കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ മോഷണം. ത്രികോതമംഗലം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ എളപ്പനാൽ പടിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും ഇടയിലായിരുന്നു സംഭവം.

വീടിന് പിന്നിലെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പുറത്ത് കടന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. അടുക്കള ഭാഗത്ത് നിന്നുമാണ് ഡോഗ്‌സ് സ്‌ക്വാഡ് പരിശോധന നടത്തിയത്. വീടിന്റെ പിൻവാതിൽ നിന്നും തൊട്ടടുത്ത വീടിന്റെ മുറ്റത്തെത്തിയ ശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 250 ഓളം മീറ്റർ ദൂരെ ഒരു വീട്ടിൽ നായ മണം പിടിച്ചെത്തി. അതിന് തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് നായ പോയി. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്.

സംഭവത്തിൽ വൈദികൻ ജേക്കബ് നൈനാൻ, ഭാര്യ, മൂത്തമകൻ എന്നിവരുടെ മൊഴി ഇന്നലെ തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നും ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം സംഭവം അടിമുടി ദുരൂഹമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വീടിനുള്ളിൽ കയറിയ ശേഷം താക്കോൽ ഉപയോഗിച്ചാണ് അലമാരയിൽ നിന്നും സ്വർണം എടുത്തത് എന്നാണ് വൈദികന്റെ മൊഴി.