ഉത്രാവധം, വിചാരണ ഡിസംബർ ഒന്നുമുതൽ

0
592

കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്ന കേസിൽ വിചാരണ ഡിസംബർ ഒന്നിന് തുടങ്ങും. കൊല്ലം ജില്ലാ അഡീ. സെഷൻസ് കോടതിയാണ് വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടത്.

പ്രതി സൂരജിനെതിരായ കുറ്റപത്രം ഇന്നലെ കോടതിയിൽ വായിക്കുകയും സൂരജ് കുറ്റം നിഷേധിക്കുകയും ചെയ്തു. ആറു മാസത്തിലേറെയായി താൻ പോലീസ് കസ്റ്റഡിയിലാണെന്നു വ്യക്തമാക്കി സൂരജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

തുടർന്നാണ് ഡിസംബർ ഒന്നു മുതൽ വിചാരണ നടത്താൻ കോടതി തീരുമാനിച്ചത്. മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ ചാവർകോട് സുരേഷിനെ ആദ്യം വിസ്തരിക്കും.

കേസിൽ കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഈ വർഷം മേയ് ആറിന് ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.