തിരുവനന്തപുരം: വിഴിഞ്ഞം സമരം നിര്‍ത്തില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും ലത്തീന്‍ അതിരൂപത. ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ചില ആവശ്യങ്ങളില്‍ തീരുമാനമായി എന്നത് നുണപ്രചരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം അവസാനിപ്പിച്ച് പഠനം നടത്തുക, മണ്ണെണ്ണയ്ക്ക് സബ്സിഡി നല്‍കുക എന്നീ ആവശ്യങ്ങളില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് നേരത്തേ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. ഒരു ഫ്ളാറ്റ് സമുച്ചയത്തില്‍ നിരവധി വീടുകള്‍ നിര്‍മിച്ച് അത് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയം. എന്നാല്‍ അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമം ഉണ്ടാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. എന്നാല്‍ അത് ലംഘിച്ച് സമരം ശക്തമായി തന്നെ തുടരാനുള്ള തീരുമാനത്തിലാണ് സമരക്കാര്‍. കോടതി വിധി ലംഘിച്ച് പദ്ധതി പ്രദേശത്ത് കടന്നു കയറിയ മത്സ്യത്തൊഴിലാളികളെ പ്രതിരോധിക്കുന്നതിനിടെ 4 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഭാവി സമര പരിപാടി തീരുമാനിക്കാന്‍ ലത്തീന്‍ അതിരൂപതയിലെ വൈദികര്‍ യോഗം ചേര്‍ന്നു.
ബാരിക്കേഡുകള്‍ മറികടന്ന് ജനം പദ്ധതി പ്രദേശത്തേയ്ക്ക് കയറാന്‍ ശ്രമിച്ചു. പതിവിനു വിപരീതമായി ശക്തമായ പ്രതിരോധമായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത് ഇന്നും ഉള്ളില്‍ക്കടന്നവര്‍ കൊടിനാട്ടി. പരമാവധി സംയമനം പാലിച്ചിട്ടും സമരക്കാര്‍ ആക്രമിച്ചതായി സമരസമിതി നേതാക്കളെ പൊലീസ് ബോധ്യപ്പെടുത്തുന്നതും കാണാമായിരുന്നു. പൊലീസുകാരില്‍ പലരുടെയും നെയിംബോര്‍ഡുകള്‍ നഷ്ടപ്പെട്ടു.
വിഴിഞ്ഞം പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തീരം നഷ്ടപ്പെട്ടതിനാലും കടലാക്രമണം മൂലവും വീട് നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ ഉടന്‍ വാടക വീടുകളിലേക്കു മാറ്റും. 335 കുടുംബങ്ങള്‍ക്ക് 5,500 രൂപ വീതം പ്രതിമാസം വീട്ടുവാടകയായി നല്‍കും. ഇവരെ പുനരധിവസിപ്പിക്കാന്‍ മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തു സമയബന്ധിതമായി ഫ്ലാറ്റ് നിര്‍മിക്കും. അതിനായി നിര്‍മാണ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.