തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ്. ഹരിയാനയിലെ കോച്ചിങ് സെന‍്ററാണ് പരീക്ഷാ തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവരെ സംഭവത്തിൽ അഞ്ച് പേരാണ് പിടിയിലായത്. പരീക്ഷ എഴുതുന്നതിനിടിയിൽ അറസ്റ്റിലായ ഹരിയാന സ്വദേശി മനോജ് കുമാർ, സുമിത് എന്ന മറ്റൊരാൾക്ക് വേണ്ടിയാണ് പരീക്ഷ എഴുതിയത്. കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണ് അറസ്റ്റിലായത്. പിന്നീട് പിടിയിലായ മൂന്ന് പേർ കുറ്റകൃത്യത്തിന് സഹായം ചെയ്തവരെന്ന് സൂചന.
തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്നാണ് വിവരം. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ട്. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമായിരുന്നുവെന്നാണ് സംശയം.
കേസിന്‍റെ തുടർ അന്വേഷണത്തിന് കേരളാ പൊലീസിൻരെ പ്രത്യേക സംഘം ഹരിയാനയിലേക്ക് പോകും. മെഡിക്കൽ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിൽ ഉണ്ടാവുക.
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. ആദ്യം കോപ്പിയടി മാത്രമാണെന്ന് കരുതിയ പരീക്ഷയിൽ ആൾമാറാട്ടവുമുണ്ടെന്ന് പിന്നീട് വ്യക്തമായി.
ഒരാളെ കോട്ടൻഹില്‍ സ്‌കൂളിൽ നിന്നും മറ്റൊരാളെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നിന്നുമാണ് പിടികൂടിയത്. ഇവർ പരീക്ഷയ്ക്ക് അപേക്ഷിച്ചവർ അല്ലെന്ന് പിന്നീട് വ്യക്തമായി. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു.