കോഴിക്കോട്: പണം വാങ്ങി ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. പേരാമ്പ്ര വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) അറസ്റ്റിലായത്. ഇരുപത്തിയേഴുകാരിയായ യുവതിയെ തൊട്ടില്‍പ്പാലത്തിന് സമീപമുള്ള ഒരു ഹോട്ടലിലും യുവതിയുടെ സ്വന്തം വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഭര്‍ത്താവിനെ പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റ് ചെയ്തു. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
ഓഗസ്റ്റ് 14ന് യുവതിയെ കാണാതായെന്ന് വ്യക്തമാക്കി യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടതായി പുറത്തറിഞ്ഞത്.
ആത്മഹത്യ ചെയ്യാന്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോയതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. പിന്നീടാണ് 2018-ല്‍ പീഡനത്തിന് ഇരയായ കാര്യം യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.