മുത്തശിയായി പ്രത്യക്ഷപ്പെട്ട് അപ്പം നൽകി പരിശുദ്ധ അമ്മ, കുറുവിലങ്ങാട് മുത്തി

0
162

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീർഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി. ആഗോള മരിയൻ തീർത്ഥാടവും മൂന്ന് നോയമ്പിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണവും ഇവിടുത്തെ പ്രധാന അനുഷ്ഠാനമാണ്. ഇവിടെ ആദ്യത്തെ ക്രൈസ്തവ സമൂഹം രൂപം കൊണ്ടതിന്റെ പിന്നിൽ ഒരു വിശ്വാസ സത്യമുണ്ട്.

ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ യഹൂദ വ്യാപാരികളോടൊപ്പം കുറച്ചുപേർ ജറുസലേമിലേക്ക് പോയി എന്നും പന്തക്കുസ്താ ദിനത്തിൽ വിശുദ്ധ പത്രോസിന്റെ പ്രസംഗം കേട്ട വിവിധ ഭാഷകളിൽ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ ഇവരും ഉണ്ടായി എന്നും കരുതപ്പെടുന്നു. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ രേഖപ്പെടുത്തിയത് പോലെ (പന്തക്കുസ്താ ദിനത്തിൽ മൂവായിരത്തോളം പേർ തങ്ങളോട് ചേർന്നു) അവർ ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയ അവർ യേശുവിൽ വിശ്വസിക്കുന്ന ഒരു ചെറു സമൂഹമായി ഇവിടെ രൂപപ്പെട്ടു.

A.D 335ൽ ആടുകളെ മേയ്ച്ചുകൊണ്ടു നടന്ന കുട്ടികൾക്ക് പരിശുദ്ധ കന്യകാമറിയം മുത്തിയമ്മയുടെ രൂപത്തിൽ (മുത്തശ്ശി) പ്രത്യക്ഷപ്പെട്ട് വിശപ്പകറ്റാൻ അപ്പം നൽകുകയും ദാഹമകറ്റാൻ നീരുറവ തെളിച്ചു കൊടുക്കുകയും ചെയ്തു. സന്തുഷ്ടരായ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. വിവരമറിഞ്ഞ് ഓടിയെത്തിയ മാതാപിതാക്കൾക്ക് മുന്നിൽ പരിശുദ്ധ മറിയം ഉണ്ണിയേശുവും ആയി പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ദൈവാലയം സ്ഥാപിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇപ്പോൾ കാണുന്ന വലിയ പള്ളിയുടെ സ്ഥാനത്ത് ആദ്യ ദൈവാലയം ഉണ്ടാകുന്നത്.

പരിശുദ്ധ കന്യകാമറിയം (കുറവിലങ്ങാട് മുത്തിയമ്മ) എ. ഡി. 335-ൽ പ്രത്യക്ഷപ്പെട്ട് ദാഹിച്ചു വലഞ്ഞ കുട്ടികൾക്ക് കാണിച്ചുകൊടുത്ത അത്ഭുത ഉറവ പള്ളിയുടെ കിഴക്കുഭാഗത്ത് ഇപ്പോഴുമുണ്ട്. അനേകർക്ക് അത്ഭുതരോഗശാന്തി നൽകിക്കൊണ്ടിരിക്കുന്ന തീർത്ഥമാണിതെന്നതിന് തുടർച്ചയായി ലഭിക്കുന്ന സാക്ഷ്യങ്ങൾ തെളിവാണ്.

നാനാജാതിമതസ്ഥരായ അനേകർ ഈ ജലം ശേഖരിക്കാൻ ഇവിടെ എത്തുന്നു. തൊട്ടിയും കയറും ഇവിടെ സമർപ്പിക്കുന്നത് ഒരു പ്രധാന നേർച്ചയാണ്. ലോകത്തിൽ ആദ്യമായി പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷം ഉണ്ടായത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.