ഡല്‍ഹിയില്‍ തീപിടുത്തം, 30 പേര്‍ വെന്തുമരിച്ചു, മരണസംഖ്യ ഉയര്‍ന്നേക്കും

0
57

ഡല്‍ഹി: ഡല്‍ഹിയില്‍ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലെ തീപിടുത്തത്തില്‍ 30 പേര്‍ പൊളളലേറ്റ് മരിച്ചു. കെട്ടിടത്തില്‍ നിന്നും 70ഓളം പേരെ രക്ഷപ്പെടുത്തി. എന്നാല്‍ ഇനിയും നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീപിടിത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിക്കുകയായിരുന്നു.