തിരുവനന്തപുരം സീറോമലങ്കര കത്തോലിക്കാസഭാ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാന്‍. കോര്എപ്പിസ്കോപ്പൊ മാത്യു മണക്കരകാവില്‍ ആണ് പുതിയ മെത്രാന്. സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭാ സിനഡ് അദ്ദഹത്തെ മെത്രാനായി തിരഞ്ഞെടുത്തതിന് ഫ്രാന്‍സീസ് പാപ്പാ അംഗീകാരം നല്കി. 1955 നവമ്പര്‍ 10-ന് ജനിച്ച നിയുക്ത മെത്രാന് മാത്യു മണക്കരകാവില്‍ വടവാത്തൂര്‍ സെന്റ് തോമസ് അപ്പൊസ്തോലിക് സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1982 ഡിസമ്പര്‍ 18-നാണ് പൗരോഹിത്യം സ്വീകരിച്ചത്.
ഇന്ത്യയിലും വിദേശത്തുമായി വിവിധ സര്‍വ്വകലാശാലകളില്‍ പഠന നടത്തിയിട്ടുള്ള അദ്ദേഹത്തിന് സാഹിത്യത്തില്‍ ഡോക്ടറേറ്റുണ്ട്. സീറോമലങ്കര മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭാ സിനഡ്, വൈദികന് ആന്റണി കാക്കനാട്ടിനെ കൂരിയാ മെത്രാനായി തിരഞ്ഞെടുത്തതിനും പാപ്പാ അംഗീകാരം നല്കി. നിയുക്ത മെത്രാന് ആന്റണി കാക്കനാട്ട് 1961 ജൂലൈ 18-ന് കടമങ്കുളത്താണ് ജനിച്ചത്.
വൈദിക പഠനം വടവാത്തൂര്‍ സെന്റ് തോമസ് അപ്പൊസ്തോലിക് സെമിനാരിയില്‍ ആയിരുന്നു. 1987 ഡിസമ്പര്‍ 30-ന് തിരുവല്ല രൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മതബോധനത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട് നിയുക്ത മെത്രാന് ആന്റണി കാക്കനാട്ട്. ഹരിയാനയിലെ ഗുര്‍ഗാവോണിലെ സെന്റ് ജോണ്‍ ക്രിസോസ്റ്റോം മലങ്കര രൂപതയ്ക്കും പുതിയ മെത്രാനെ ലഭിച്ചു. മാര്‍ തോമസ് അന്തൊണിയോസ് വലിയവിളയില്‍ ആണ് പ്രസ്തുത രൂപതയുടെ പുതിയ ഭരണ സാരഥി. ഖാദ്കിയിലെ വിശുദ്ധ എഫ്രേമിന്റെ സീറോമലങ്കര രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹത്തിന് ഈ പുതിയ നിയമനം. മാര്‍ തോമസ് അന്തൊണിയോസ് വലിയവിളയില്‍ 1955 നവമ്പര്‍ 21-ന് അടൂരില്‍ ജനിച്ചു.1981 ഡിസംമ്പര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010 മാര്‍ച്ച് 13-ന് മെത്രാനായി അഭിഷിക്തനായി.