അരുളിക്കയില്‍ തുടിക്കുന്ന യേശുവിന്റെ ഹൃദയം, മെക്‌സിക്കോയില്‍ ദിവ്യകാരുണ്യ അത്ഭുതം

0
216

മെക്‌സിക്കോ സിറ്റി: സപൊട്‌ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യഅത്ഭുതത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.

ജൂലൈ 23നു ആരാധനയ്ക്കായി സക്രാരിയില്‍ പ്രതിഷ്ഠിച്ചിരുന്ന ദിവ്യകാരുണ്യത്തില്‍ മനുഷ്യന്റെ ഹൃദയമിടിപ്പ് പോലുള്ള ചലനം ദൃശ്യമാകുകയായിരുന്നു. റിലീജിയസ് ഫാമിലി ഓഫ് ദ ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ആന്‍ഡ് ഡിവൈന്‍ മേഴ്‌സി കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനും, സുപ്പീരിയറുമായ ഫാ. കാര്‍ലോസ് സ്പാന്‍ ആണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

ദിവ്യബലിക്കൊടുവില്‍ ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാന്‍ തുടങ്ങുന്ന സമയത്താണ് ദിവ്യകാരുണ്യഅത്ഭുതം ദൃശ്യമായത്. ഫാ. കാര്‍ലോസ് പറഞ്ഞു. ചിലര്‍ ദിവ്യകാരുണ്യഅത്ഭുതം ദര്‍ശിച്ചതായും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണില്‍ പകര്‍ത്തിയവരുടെ പക്കല്‍ നിന്നും ദൃശ്യങ്ങള്‍ വാങ്ങിയിരുന്നുവെന്നും 20 മുതല്‍ 30 സെക്കന്റ് വരെയാണ് അത്ഭുതം നീണ്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരക്ഷയ്ക്കായി തുടിക്കുന്ന ക്രിസ്തുവിന്റെ ഹൃദയം എന്ന രീതിയിലാണ് താന്‍ അത്ഭുതത്തെ കാണുന്നതെന്ന് ഫാ. കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു. ദിവ്യകാരുണ്യ അത്ഭുതം ദൃശ്യമാകുന്നതിന് മുമ്പ് ദിവ്യകാരുണ്യഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്വിറ്റിസിന്റെ ചിത്രം വൈദികന്‍ വെഞ്ചരിച്ചിരുന്നു. ചില്ലിട്ട ആ ചിത്രത്തില്‍ നിന്ന് ആ രാത്രി എണ്ണ ഒഴുകിയെന്നും അദ്ദേഹം വ്യക്തമാക്കി.