ഭാര്യമരിച്ചു, അറുപതാം വയസിൽ വൈദികൻ

0
446

മാഡ്രിഡ്: ഭാര്യ മരിച്ച ശേഷം അറുപതാം വയസിൽ പൗരോഹിത്യം സ്വീകരിച്ച സ്പാനീഷ് സ്വദേശിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറൽ. 2019-ൽ തിരുപ്പട്ടം സ്വീകരിച്ച് വൈദികനായ സ്പാനിഷ് രൂപതാവൈദികനും അറുപത്തിനാലുകാരനുമായ ഫാ. കാർലോസ് ബൌ അലിയാഗയുടെ ജീവിതമാണ് ആരേയും അമ്പരിപ്പിക്കുന്നത്. അടുത്തിടെ എച്ച്.എം.ടി ടെലിവിഷന്റെ കാംബിയോ ഡെ അഗുജാസ് പരിപാടിയിൽവെച്ചാണ് രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ഫാ. കാർലോസ് ബൌ അലിയാഗ താനെങ്ങനെ വൈദികനായി എന്ന് തുറന്ന് പറഞ്ഞത്.
വലെൻസിയാക്ക് അടുത്തുള്ള ഒരു ചെറിയ ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. സോഫ്‌റ്റ്വെയർ എഞ്ചിനീയർ ആയെങ്കിലും ജീവിതം സാധരണമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ക്രിസ്ത്യൻ വിശ്വാസ പ്രകാരം വിവാഹിതനായ കാർലോസിന് രണ്ടുകുട്ടികളാണ് ഉള്ളത്. രക്താർബുദ ബാധിതയായ ഭാര്യ അധികം താമസിയാതെ മരണപ്പെട്ടു. ഭാര്യയുടെ മരണത്തിന് ശേഷം ദൈവത്തോടുള്ള തന്റെ അടുപ്പം കുറയാൻ തുടങ്ങിയെന്ന് കാർലോസ് പറയുന്നു. അധികം വൈകാതെ മാതാപിതാക്കളുടെ വീടുപേക്ഷിച്ചു.

എന്നാൽ പിന്നീട് ഒരു ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് ദൈവം തനിക്കൊപ്പം ഉണ്ടെന്ന് മനസ്സിലാക്കിയതെന്ന് കാർലോസ് പറയുന്നു. അധികം താമസിയാതെ രോഗബാധിതനായ അദ്ദേഹം കുമ്പസ്സാരിക്കുവാനും, കുർബാനയിൽ പങ്കെടുക്കുവാനും തുടങ്ങി. ഒരു പാപിയായി മരിക്കാൻ കാർലോസ് ആഗ്രഹിച്ചിരുന്നില്ല. ഒന്നരപതിറ്റാണ്ടിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരം. ബൈബിളിലെ ധൂർത്തപുത്രന്റെ ഉപമയിലെ സ്‌നേഹവാനായ പിതാവിന്റെ മുഖമുള്ള ഒരു പുരോഹിതനായിരുന്നു തന്നെ കുമ്പസാരിപ്പിച്ചതെന്നും, അദ്ദേഹം തന്നോട് ഒന്നും ചോദിച്ചില്ലെന്നും, തന്റെ പാപങ്ങൾ എല്ലാം പറഞ്ഞ ശേഷം ”ശാന്തനാകൂ.. ശാന്തനാകൂ.. ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുകയും, തന്നെ ആശ്ലേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും കാർലോസ് പറയുന്നു.

ആ വൈദികന്റെ ആശ്ലേഷമാണ് തന്റെ ജീവിതമാണ് തന്നെ പൗരോഹിത്യത്തിലേക്ക് ആകർഷിച്ചതെന്ന് കാർലോസ് പറയുന്നു. അധികം വൈകാതെ മകളായ മരിയയേ വൈകല്യമുള്ളവർക്കായി കന്യാസ്ത്രീമാർ നടത്തുന്ന സ്ഥാപനത്തിലാക്കി. അതിന് ശേഷം കാർലോസ് തിയോളജി പഠിക്കാൻ ചേർന്നു. വലെൻസിയ സെമിനാരിയിൽ പ്രവേശിച്ച കാർലോസ് 2018 സെപ്റ്റംബർ 28-ന് 10 സെമിനാരി വിദ്യാർത്ഥികൾക്കൊപ്പം ഡീക്കൻ പട്ടം സ്വീകരിച്ചു. 2019-ൽ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു.