വേശ്യയിൽ നിന്ന് വിശുദ്ധ പദവിയിലേക്കെത്തിയ ജീവിതമാണ് വിശുദ്ധ തേയിസിന്റേത്. വിശുദ്ധ അഗസ്തീനോസ് ജീവിച്ച കാലഘട്ടത്തിൽ തന്നെയാണ് വിശുദ്ധ തേയിസും ജീവിച്ചിരുന്നത്. വേശ്യാവൃത്തിയിലൂടെ ധാരാളം പണം തേയിസ് സമ്പാദിച്ചിരുന്നു. എന്നാൽ ഒരിക്കലും പാപത്തിൽ നിന്ന് പിന്മാറാൻ അവൾ തയ്യാറായിരുന്നില്ല. എന്നാൽ അവളുടെ ചുറ്റും ജീവിച്ചിരുന്ന ക്രൈസ്തവർ തങ്ങളുടെ സമ്പത്തു മുഴുവൻ പാവങ്ങൾക്കു പങ്കുവയ്ക്കുന്നത് അവളുടെ ഹൃദയത്തെ സ്പർശിച്ചു.
കരുണയുടെയും ലാളിത്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആ കാഴ്ച അവളെ യേശുവിനെപ്പറ്റി അറിയാൻ പ്രേരിപ്പിച്ചു. വേശ്യാവൃത്തി എന്ന മാരകതിന്മയെ അവൾ പൂർണ്ണമായും വെറുത്തു. പാപത്തിന്റെ ഗൗരവം അവൾ മനസ്സിലാക്കി. ഇതിനിടെ തേയിസിന് അവൾ ചെയ്യുന്ന പാപത്തെപ്പറ്റി അവബോധമുള്ളവളാക്കാൻ
ഒരു സന്യാസി അവളുടെ അടുത്ത് എത്തിയതായി പറയപ്പെടുന്നു. അവളെ സന്ദർശിച്ച സന്യാസിയുടെ പേര് രേഖകളിൽ വ്യക്തമായി പറയുന്നില്ലെങ്കിലും ഈജിപ്ഷ്യൻ ബിഷപ്പായിരിന്ന വിശുദ്ധ പാഫ്‌നൂട്യിസ്, വിശുദ്ധ ബെസ്സാറിയോൺ, വിശുദ്ധ സേറാപ്പിയോൺ എന്നീ മൂന്നു പേരുകൾ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും സന്യാസി, തേയിസയെ അവളുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കാനും, ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാനും അടുത്തെത്തിയപ്പോൾ അവളുടെ പരിവർത്തനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ഈ ചോദ്യം ഏറെ ആകാംക്ഷയോടെയാണ് സന്യാസി അവളോടു ചോദിച്ചത്. ‘യേശുവാണ് ലോക രക്ഷകൻ’ എന്ന വിശ്വാസമാണ് തന്നെ മാറ്റി മറിച്ചതെന്ന് തേയ്‌സ ഉത്തരം നൽകി. പിന്നീട് ആ സന്ന്യാസി അവൾക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. തന്റെ പഴയകാലത്തെ പാപപങ്കിലമായ ജീവിതമോർത്ത് വിലപിച്ച അവൾ, തന്റെ വില കൂടിയ വസ്ത്രങ്ങൾ അഗ്‌നിക്കിരയാക്കി. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതം കൊണ്ട് അവൾ മുന്നോട്ടുള്ള ജീവിതം ധന്യമാക്കി.
മൂന്നു വർഷക്കാലം സന്യാസിയുടെ നിർദ്ദേശ പ്രകാരം അവൾ മരുഭൂമി ജീവിതം നയിച്ചു. ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും നാളുകളായിരിന്നു അത്. മരുഭൂമിയിലെ വാസത്തിന് ശേഷം അടുത്തുള്ള ഒരു സന്ന്യാസ ആശ്രമത്തിൽ ചേർന്ന തേയിസ്, പതിനഞ്ചു ദിവസത്തിനു ശേഷം മരണമടഞ്ഞു. തേയിസിന്റെ ശരീരം മരിച്ചെങ്കിലും അവളുടെ പരിവർത്തനം അനേകായിരങ്ങളെ സ്പർശിച്ചു. വേശ്യ ആയിരുന്ന ഒരാൾ, പെട്ടെന്ന് ക്രിസ്തീയതയിൽ ആകൃഷ്ടയാകുക, പാപ പരിഹാരത്തിനായി ത്യാഗങ്ങൾ ഏറ്റെടുക്കുക, സമർപ്പിത ജീവിതം തിരഞ്ഞെടുക്കുക ഇതൊക്കെ അനേകം ജീവിതങ്ങളെ മാനസാന്തരത്തിലേക്ക് നയിച്ചു.
കത്തോലിക്ക സഭയിലും ഗ്രീക്കു ഓർത്തഡോക്‌സ് സഭയിലും ആദരിക്കപ്പെടുന്ന വിശുദ്ധ തേയിസിന്റെ തിരുനാൾ ഒക്ടോബർ 8നാണ് സഭ കൊണ്ടാടുന്നത്.