ഒരു പാത്രം വെള്ളം കൊണ്ട് അഗ്നിക്കിരയായ നഗരത്തെ രക്ഷിച്ച വിശുദ്ധൻ

0
45

ഒരു പാത്രം വെള്ളം കൊണ്ട് അഗ്നിക്കിരയായിക്കൊണ്ടിരുന്ന ഒരു നഗരത്തെ രക്ഷിച്ച വിശുദ്ധനാണ് വി. ഫ്ലോറിയാൻ. ഇന്നത്തെ ഓസ്ട്രിയയിൽ താവളമടിച്ച റോമൻ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇദ്ദേഹം.

സൈനികനായിരിക്കുമ്പോൾ ക്രിസ്തുവിൽ ദൃഡമായി വിശ്വസിച്ചിരുന്ന ഫ്‌ലോറിയാൻ സുവിശേഷപ്രവർത്തനങ്ങൾ നടത്തുകയും പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഇത് വളരെ ഗുരുതരമായ തെറ്റുകളായിരുന്നു.

ഒരിക്കൽ, ആ രാജ്യത്തെ ഒരു നഗരത്തിൽ തീപിടുത്തമുണ്ടായി. പല വീടുകളും അഗ്നിക്കിരയായി. അവിടെ ഓടിയെത്തിയ ഫ്ലോറിയാൻ യേശു നാമത്തിൽ ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് തീയുടെ മുകളിലേക്ക് ഒഴിച്ചു. കണ്ണുകളടച്ചു പ്രാർഥിച്ചു. നിമിഷങ്ങൾക്കുള്ളിൽ തീ കെട്ടടങ്ങി.

ഡയോക്ലീഷ്യൻ ചക്രവർത്തി ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കൽപിച്ചപ്പോൾ ഈ ഉത്തരവ് ഫ്ലോറിയൻ എതിർത്തു. തന്റെ വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ ഫ്ലോറിയാനെ ചക്രവർത്തി തടവിലാക്കി. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ അദ്ദേഹത്തെ വധിച്ചു. ഫ്ലോറിയാന്ന്റെ കഴുത്തിൽ ഒരു ഭാരമുള്ള കല്ലു കെട്ടിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫ്ലോറിയാന്റെ മൃതദേഹം പിന്നീട് ക്രൈസ്തവവിശ്വാസികളായ ചിലർ ചേർന്ന് പുഴയിൽ നിന്നു രഹസ്യമായി തപ്പിയെടുത്തു. 1138 ൽ ഫ്ലോറിയാന്റെ ഭൗതികാവശിഷ്ടങ്ങൾ റോമിലേക്ക് മാറ്റി. യുദ്ധങ്ങൾ, അഗ്നിബാധ, വെള്ളത്തിൽ വീണു മരണത്തോട് മല്ലടിക്കുന്നവർ, വെള്ളപ്പൊക്കബാധിതർ തുടങ്ങിയവരുടെയൊക്കെ മധ്യസ്ഥനായാണ് ഫ്ലോറിയാൻ അറിയപ്പെടുന്നത്.