വിശുദ്ധ ഫൗസ്റ്റീന, യേശു പ്രത്യക്ഷപ്പെട്ട വിശുദ്ധ

0
68

1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്‌നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളില്‍ ഒരാളായിരിന്നു. അവള്‍ക്ക് 15 വയസ്സുള്ളപ്പോള്‍ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവള്‍ക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവള്‍ക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കള്‍ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാല്‍ അവള്‍ ഈ ആഗ്രഹം തന്റെ മനസ്സില്‍ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോള്‍ക ഒരു രാത്രിയില്‍ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു.

അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗില്‍ തന്റെ സാധനങ്ങളുമെടുത്ത് അവള്‍ തലസ്ഥാന നഗരിയായ വാഴ്‌സോയിലേക്ക് പോവുകയും ‘കാരുണ്യ മാതാവിന്റെ സോദരിമാര്‍’ എന്ന മഠത്തില്‍ ചേരുകയും സിസ്റ്റര്‍ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വര്‍ഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാല്‍ അവള്‍ക്ക് കവാട കാവല്‍ക്കാരിയുടെ ജോലി നല്കപ്പെട്ടു.

തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവള്‍ക്ക് സാധിച്ചു. ഒരിക്കല്‍ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതില്‍ക്കല്‍ വന്നു. അവള്‍ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവള്‍ക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്‌നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്.

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവള്‍ യേശുവിനെ ദര്‍ശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലര്‍ന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാന്‍ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തില്‍ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ് ഈ രശ്മികള്‍ പ്രതിനിധീകരിക്കുന്നത്.

യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാന്‍ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാര്‍പോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികള്‍ പലപ്പോഴും യേശുവിന്റെ അപേക്ഷകള്‍ സാധിക്കുവാന്‍ അവളെ അനുവദിച്ചിരുന്നില്ല.

പള്ളിയിലെ വേദപാരംഗതന്മാര്‍പോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാല്‍ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണില്‍ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂര്‍ത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി ‘യേശുവേ, നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു’ എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയില്‍ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു.

1938 ഒക്ടോബര്‍ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രില്‍ 30ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകര്‍ന്നു നല്‍കുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്.