പരിശുദ്ധ അമ്മയുടെ ദര്‍ശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട പല പ്രദേശങ്ങളുമുണ്ട്! അതില്‍നിന്ന് തിരഞ്ഞെടുത്ത എട്ട് മരിയന്‍ ദര്‍ശനങ്ങള്‍ അടുത്തറിയാം, ഈ വണക്കമാസ കാലത്തില്‍
പ്രോവില്ലെ, ഫ്രാന്‍സ് (എ.ഡി 1206)
ബാല്യകാലംമുതല്‍തന്നെ മരിയഭക്തനായി ജീവിച്ച വിശുദ്ധ ഡൊമിനിക് 25-ാം വയസില്‍ വൈദികനായി. അക്കാലത്ത് ശക്തിയാര്‍ജിച്ച ‘ആല്‍ബിജന്‍സിയന്‍’ പാഷാണ്ഡതയ്ക്ക് എതിരെ പോരാടി ആ അബദ്ധവിശ്വാസത്തില്‍ ജീവിച്ചിരുന്നവരെ മാനസാന്തരപ്പെടുത്തിയത് ഈ വൈദികനായിരുന്നു. വിവാഹജീവിതം പാപമാണെന്ന ചിന്താഗതി വച്ചുപുലര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തവരായിരുന്നു ആല്‍ബിജെന്‍സിയന്‍ പാഷാണ്ഡതയുടെ വക്താക്കള്‍.
പരിശുദ്ധ കന്യകാമറിയം വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷയായി ജപമാല രഹസ്യങ്ങള്‍ നല്കി പഠിപ്പിച്ചു. ഒരു ചരടില്‍ അഞ്ച് വലിയ കെട്ടുകളും 50 ചെറിയ കെട്ടുകളുമായി ഇന്നു നാം കാണുന്ന ജപമാലയുടെ ആദ്യരൂപം ഉണ്ടാക്കി പരിശുദ്ധ അമ്മ ഏല്‍പ്പിച്ചത് ഈ വൈദികനെയാണ്. കൂടാതെ, ഇടവകജനത്തെ സംഘടിപ്പിച്ച് സമൂഹമായി ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ദേശിച്ചതും അമ്മതന്നെ.
കെന്റ്, ബ്രിട്ടണ് (എ.ഡി 1248)
കര്‍മലീത്താസഭയുടെ സുപ്പീരിയറായിരുന്ന സൈമണ്‍ സ്റ്റോക്ക് വലിയ മരിയഭക്തനായിരുന്നു. സഭയില്‍ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ച വിശുദ്ധനുമായിരുന്നു അദ്ദേഹം. 1248ല്‍ മാതാവ് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കാന്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ ആഹ്വാനം ചെയ്തു. കര്‍മലീത്ത സന്യാസികളുടെ ‘ഉത്തരീയം’- സ്കാപ്പുലര്‍- ഇങ്ങനെയാണുണ്ടായത്. അതിന്റെ ചെറിയ പതിപ്പാണ് വിശ്വാസികള്‍ ഇന്ന് ഉപയോഗിക്കുന്ന ബന്തിങ്ങ- കഴുത്തില്‍ ധരിക്കാവുന്ന ഉത്തരീയം.
ഗ്വാഡലൂപ്പെ, മെക്സിക്കോ (എ.ഡി 1531)
മെക്സിക്കോയിലെ ഗ്വാഡലൂപ്പെയില്‍ 1531ലാണ് ജോണ്‍ ഡിയാഗോയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. ഒരു മലമുകളില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മാതാവ് ‘ദൈവമാതാവായ കന്യകാമറിയമാണ് ഞാന്‍’ എന്ന് വെളിപ്പെടുത്തി. ആ സ്ഥലത്ത് ദൈവാലയം നിര്‍മിക്കണമെന്നും അത് എല്ലാ ജനങ്ങള്‍ക്കും അനുഗ്രഹദായകമാകുമെന്നും അറിയിച്ചു.
സ്ഥലത്തെ ബിഷപ്പിനെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം അതു വിശ്വസിച്ചില്ല. അപ്പോള്‍ ഒരു അടയാളം നല്കാന് മാതാവ് വീണ്ടുമെത്തി. ഒരു സുഗന്ധപൂരിതമായ റോസാപുഷ്പം കൊടുത്തു. കൂടാതെ ഡിയാഗോയുടെ മേല്‍വസ്ത്രത്തില്‍ മാതാവിന്റെ ഒരു ചിത്രവും പതിപ്പിച്ചുനല്‍കി. 500 വര്‍ഷം പിന്നിട്ടിട്ടും ഈ ചിത്രം ഇന്നും കേടുകൂടാതെയിരിക്കുന്നു ‘ഗ്വാഡലൂപ്പെ’ തീര്‍ത്ഥാടനകേന്ദ്രത്തില്‍.
ഹ്യൂ ഡ്യു ബാക്, പാരീസ് (എ.ഡി 1830)
ഫ്രാന്‍സിലെ ‘ഡിജോണ്‍’ പട്ടണത്തിന് സമീപം അഗതികളുടെ സന്യാസസഭാംഗമായ കാതറിന് ലബോറയ്ക്ക് മാതാവ് പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. നവംബര്‍ 27ന് ശനിയാഴ്ച ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കാതറിന് മുന്നില്‍ മാതാവ് ശുഭ്രവസ്ത്രധാരിയായി ദര്‍ശനം നല്കി.
ശിരസില്‍ കിരീടംപോലെ 12 നക്ഷത്രങ്ങളും തിളങ്ങി കാണപ്പെട്ടു. അമ്മയുടെ പാദപീഠമാകട്ടെ ഭൂഗോളവുമായിരുന്നു. താഴേക്ക് വിടര്‍ത്തിയ കൈകളില്‍നിന്ന് പ്രകാശധാര ഗോളത്തില്‍ പതിക്കുന്നുണ്ടായിരുന്നു. ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച മറിയമേ, നിന്നെ ആശ്രയിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ’ എന്ന ലിഖിതവും കാണാറായി.
കാതറിനോട് പരിശുദ്ധ അമ്മ പറഞ്ഞു: ‘ഇതുപോലൊരു മെഡല്‍ ഉണ്ടാക്കി ലോകത്തിന് നല്‍കണം. ഇതു കഴുത്തില്‍ ധരിക്കുന്നവര്‍ക്ക് ധാരാളം അനുഗ്രഹം ഞാന്‍ നേടിക്കൊടുക്കും.’ അത്ഭുതകാശുരൂപമെന്നറിയപ്പെട്ട ഇതില്‍ ഒരുവശത്ത് ‘എം’ എന്ന അക്ഷരവും കുരിശുരൂപവും മുള്‍മുടി ചൂടിയ ഒരു ഹൃദയവും വാള്‍കൊണ്ട് തുളയ്ക്കപ്പെട്ട മറ്റൊരു ഹൃദയവും ഉണ്ടായിരുന്നു. ഈ മെഡല്മൂലം അനേകം അത്ഭുതങ്ങള്‍ ഉണ്ടായി. ‘അത്ഭുതമെഡല്‍’ എന്നുതന്നെയാണ് ഇന്നും ഇത് അറിയപ്പെടുന്നത്.
ലാസലെറ്റ്, ഫ്രാന്‍സ് (എ.ഡി 1846)
ആല്ഫ്സ് പര്‍വതനിരയുടെ പ്രാന്തപ്രദേശത്തുള്ള ചെറിയ ഇടവകയാണ് ലാസലെറ്റ്. ഫ്രഞ്ചുവിപ്ലവം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയന്റെ ഭരണത്തിന്‍കീഴില്‍ വൈദികര്‍ പീഡിപ്പിക്കപ്പെട്ടു. മതപീഡനം, സഭാനിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ കണ്ണീരോടുകൂടി മാതാവ് പ്രത്യക്ഷപ്പെട്ടു രണ്ട് ഇടയബാലന്മാര്ക്ക്!
14 വയസുള്ള മലെനിക്കും 11 വയസുള്ള മാക്സിമിനും. പാപത്തില്‍നിന്നും പിന്തിരിഞ്ഞില്ലെങ്കില് വരാന്‍പോകുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മാതാവ് ഈ ബാലകരിലൂടെ ലോകത്തിന് നല്‍കിയത്.ഇടവകവികാരിയോ ഗ്രാമത്തലവനോ ആരുംതന്നെ അതു വിശ്വസിച്ചില്ല.
എന്നാല്‍ കുട്ടികള്‍ പറഞ്ഞതനുസരിച്ച് അവരെ അനുഗമിച്ചവര്‍ അത്ഭുതത്തിന് സാക്ഷിയായി. പിന്നീട് ഇറ്റലി, സ്പെയിന്, പോര്‍ച്ചുഗല്‍, ബല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് ലാസലെറ്റിലേക്ക് ജനപ്രവാഹമായിരുന്നു. ഫ്രാന്‍സ് മുഴുവനും ഒരു ആത്മീയ ഉണര്വുകൊണ്ട് നിറയുകയും ചെയ്തു.
ലൂര്‍ദ്, ഫ്രാന്‍സ് (എ.ഡി 1858)
വിറകു ശേഖരിച്ചു നടന്ന മൂന്നു കുട്ടികളില്‍ ബര്ണാഡീറ്റയ്ക്ക് മാസാബിയേയിലെ ഒരു പാറക്കെട്ടിലാണ് പരിശുദ്ധ അമ്മ ആദ്യദര്‍ശനം നല്‍കിയത്. പിന്നീട് പല പ്രാവശ്യം മാതാവ് വരികയും പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ അവളോട് നിര്‍ദേശിക്കുകയും ചെയ്തു. ലൂര്‍ദിലെ വൈദികനോട് അവിടെയൊരു ദൈവാലയം നിര്‍മിക്കാന്‍ ആവശ്യപ്പെടാനും നിര്‍ദേശിച്ചു.
പാറക്കെട്ടിനുള്ളില്‍ അമ്മയുടെ ആവശ്യപ്രകാരം അവള് ഒരു കുഴിയുണ്ടാക്കിയപ്പോള്‍ ശുദ്ധജലത്തിന്റെ ഉറവ പൊട്ടിപ്പുറപ്പെട്ടു. അന്ന് തുടങ്ങിയ ജലപ്രവാഹം ഇന്നും നിലച്ചിട്ടില്ല. ആ ജലംമൂലം ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയൊരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇന്നിവിടം.
ഫാത്തിമ, പോര്‍ച്ചുഗല്‍ (എ.ഡി 1917)
ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട ദൈവമാതാവ്, എന്നും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും ക്ലേശങ്ങളെ പാപപരിഹാരത്തിനായി സഹിക്കണമെന്നും പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്നുമുള്ള സന്ദേശമാണ് നല്‍കിയത്.
ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ മൂന്നു കുട്ടികള്‍ക്കാണ് മാതാവ് സന്ദേശം നല്‍കിയത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 13ാം തിയതി ദര്‍ശനമുണ്ടായി. ജപമാലയുടെ ഓരോ രഹസ്യത്തിനുശേഷവും ‘എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങള്‍ ക്ഷണിക്കണമേ…’ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ ഓര്‍മിപ്പിച്ചത് ജൂണ്‍ 13നായിരുന്നു.
കൂടാതെ ഒക്ടോബര്‍ 13ന് അവിടെ തടിച്ചുകൂടിയ എഴുപതിനായിരം പേര് മാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി. സൂര്യന്റെ വലിയ തേജസും പ്രത്യേക ചലനവും പൊട്ടിച്ചിതറുന്നതുപോലുള്ള അനുഭവവും കോരിച്ചൊരിഞ്ഞിരുന്ന മഴ പെട്ടെന്ന് നിന്നതുമെല്ലാം കണ്ട് ജനം വാവിട്ട് കരഞ്ഞു.
‘ദൈവമേ രക്ഷിക്കണേ,’ എന്ന ആര്‍ത്തനാദംകൊണ്ട് അവിടം മുഖരിതമായി. അഞ്ചു മിനിട്ട് കഴിഞ്ഞ് സൂര്യന് ഉയര്‍ന്ന് പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്തു. 25 കിലോമീറ്റര്‍ ചുറ്റുമുള്ളവര്‍ ഈ അത്ഭുതപ്രതിഭാസം കണ്ടു. അങ്ങനെ ഫാത്തിമ മാതാവ് മനുഷ്യഹൃദയങ്ങളില്‍ ചിരപ്രതിഷ്~ നേടി. ജപമാലഭക്തിയിലും വലിയ വര്‍ദ്ധനവുണ്ടായി.
ബുറാന്ഗ, ബല്‍ജിയം (എ.ഡി. 1932)
കമ്മ്യൂണിസം, ഫാസിസം, നാസിസം എന്നിവ വളര്‍ച്ചയുടെ കൊടുമുടിയിലെത്തിയ കാലത്താണ് മാതാവ് ബുറാന്ഗില് അഞ്ച് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ലോകസമാധാനത്തിനും വിമലഹൃദയഭക്തി വര്‍ധിപ്പിക്കുന്നതിനും ഫാത്തിമയില്‍ നല്കിയ സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ആഹ്വാനം.
1932 നവംബര്‍ 29മുതല്‍ 1933 ജനുവരി മൂന്നുവരെ ബുറാന്ഗില് പലതവണ മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്കി. യൂറോപ്പ് മുഴുവനും ഇതറിഞ്ഞ് ഇവിടേക്ക് ഒഴുകി. ശാരീരികവും മാനസികവുമായ ഒട്ടനവധി അത്ഭുതങ്ങള്‍ ഇവിടെ നടന്നു. 1943ല്‍ ഇവിടെ ദൈവാലയം നിര്‍മിതമായി. രോഗശാന്തിക്കും മറ്റുമായി ബുറാന്ഗിലേക്ക് ഇന്നും അനേകായിരങ്ങള്‍ എത്തുന്നു.
ക്നോക്ക്, അയര്‍ലന്‍ഡ് (എ.ഡി. 1879)
പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും ഈശോയെ പ്രതിനിധീകരിക്കുന്ന കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമാണ് ക്നോക്. 1879 ഓഗസ്റ്റ് 21ന് സംഭവിച്ച പ്രത്യക്ഷീകരണത്തിന് ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചതോടെയാണ് ക്നോക്കിന്റെ പുതുചരിത്രം ആരംഭിക്കുന്നത്. മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പല രാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്നോക്കിനെ സവിശേഷമാക്കുന്നത്.
ബലിപീഠത്തിനു മുകളിലും കുരിശിനു മുമ്പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാല്‍ ക്നോക്കിലെ പ്രത്യക്ഷീകരണത്തില്‍ ദിവ്യകാരുണ്യ സന്ദേശവും ഉള്‍പ്പെടുന്നുണ്ട്. സ്വര്‍ഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി വരച്ചുകാട്ടുംപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചെങ്കിലും വിശദമായ പഠനങ്ങളുടെയും പരിശോധനയുടെയും ഘട്ടത്തില്‍ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന് ആധാരമായത്.