കാനഡയിൽ നിന്നും നേരിട്ട് വിമാന സർവീസ്: ഉറപ്പു നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
3591

ന്യൂജേഴ്‌സി: കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ കാനഡയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ഒരു വിമാന സർവീസ് ഉറപ്പാക്കുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനൊന്നാമത് കാനഡ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കാനഡയിലെയും അമേരിക്കയിലെയും മലയാളി സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയേറെ മലയാളികൾ ജീവിക്കുന്ന കാനഡയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലെന്ന വിവരം ഇതിനുമുന്പ് ആരും പറഞ്ഞു കേട്ടില്ല. അവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലെന്നത് തനിക്ക് പുതിയ അറിവാണ്. കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഉടൻ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ ഗവർണർ ആരിഫ് ഖാൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കോവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉടനൊരു തീരുമാനമുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ ഗവർണർ, ഇക്കാര്യം ഉടൻ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി വ്യോമയാന മന്ത്രാലയത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും ഫൊക്കാന മുൻ പ്രസിഡന്‍റ് ജോൺ പി. ജോണിന്‍റെ ചോദ്യത്തിന് മറുപടിയായി ഗവർണർ കാനഡ മലയാളികൾക്ക് ഉറപ്പു നൽകി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നു പ്രഖ്യാപിച്ച ഗവർണർ കേരള ഗവർമെന്‍റും കേരളത്തിലെ ജനങ്ങളും പ്രവാസികളെ വലിയ ആദരവോടെയാണ് കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഷ്ട്ര നിർമാണത്തിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ അങ്ങേയറ്റം മഹത്തരമാണ്. പ്രവാസികളാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് അവഗണിക്കാൻ കഴിയുമെന്ന് ചിന്തിക്കുകപോലുമരുത്. ഏറെ കരുതലോടെയാണ് കേരള സർക്കാർ പ്രവാസികളെ സ്വീകരിക്കുന്നത്. – ഗവർണർ കൂട്ടിച്ചേർത്തു..

ആർക്കെങ്കിലും എന്തെങ്കിലും പ്രശന്ങ്ങൾ വ്യക്തിപരമായി ഉണ്ടായാൽ തന്നെ നേരിട്ട് ബന്ധപ്പെടാമെന്നു മിസിസൗഗ കേരള അസോസിയേഷൻ പ്രസിഡന്‍റ് പ്രസാദ് നായരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രളയകാലത്ത് മാത്രമല്ല പ്രവാസികൾ എക്കാലവും കേരളത്തിനുവേണ്ടി ഒരുപാടു നന്മകൾ ചെയ്യുന്നുണ്ട്. അത് മറക്കാൻ മലയാളികൾക്ക് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ കേരളത്തിന്‍റെ അഭിമാനമാണെന്ന കാര്യം കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്. “ഇതെന്‍റെ വാക്കാണ്. ആൽമവിശ്വാസം കൈവൈടരുത്.എന്ത് പ്രശനമുണ്ടെങ്കിലും ധൈര്യമായി എന്നെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളൂ”- ഗവർണർ വികാരഭരിതനായി.

കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ നിലവാരം അന്താരാഷ്ട നിലവാരമുള്ളതാണെന്നു പറഞ്ഞ ഗവർണർ ഗവേഷണ സംബന്ധമായ പഠന വിഷയങ്ങളിൽ യൂണിവേഴ്സിറ്റികളുടെ നിലവാരം ഇനിയും ഉയർത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ നിലവാരത്തെക്കുറിച്ചു യൂണിവേഴ്സിറ്റിയുടെ ചാൻസലർ കൂടിയായ അദ്ദേഹത്തോട് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്‍റെ ചോദ്യത്തിനു മറുപടിയായി ഗവർണർ പറഞ്ഞു.

കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരുടെ യോഗം രണ്ടാഴ്ച മുൻപ് തിരുവനതപുരത്ത് ചേർന്നിരുന്നു. യൂണിവേഴ്സിറ്റികളുടെ നിലവാരം വിലയിരുത്താൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ പ്രഫ. സി.എം. റാവു സംബന്ധിച്ച യോഗത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് ലഭിച്ചത്. കേരളത്തിലെ വിദ്യാർഥികൾ കേരളത്തിന് പുറത്ത് ഗവേഷണ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിന്‍റെ കാരണം വിലയിരുത്തിയപ്പോഴാണ് കേരളത്തിലെ കോളജുകളിൽ ഗവേഷണത്തിനുള്ള സൗകര്യങ്ങൾ കുറവാണെന്ന് കണ്ടെത്തിയത്. കേരളത്തിലെ കോളജുകളിൽ ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഗവേഷണത്തിനായി പുറത്തേയ്ക്കു പോകുന്ന വിദ്യാർഥകളെ ഇവിടെ തന്നെ നിലനിർത്താൻ കഴിയുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിൽ കോളജുകളില്‍ പൊതു വിദ്യാഭ്യാസം വളരെ മികച്ചതാണ്. സമുദായങ്ങൾ നടത്തുന്ന പല കോളജുകളിലും സയൻസിനാണ് മുൻഗണന നൽകുന്നത്.ഗവേഷണങ്ങൾക്കു മുൻഗണന നൽകാൻ കോളജുകൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധം ഓട്ടോണമസ് കോളജുകളാക്കി മാറ്റുന്ന പ്രക്രീയ നടന്നു വരികയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. അതോടെ നമ്മുടെ യൂണിവേഴ്സിറ്റികൾ ലോകോത്തര യൂണിവേഴ്സിറ്റികളായി മാറുമെന്ന് കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കറുകയാണെന്ന തരത്തിലുള്ള പ്രസ്താവനകൾ ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം കേരള ഗവർമെന്‍റ് ചോദിക്കുന്നതിനനുപാതികമായി ഫണ്ട് നൽകുന്നെണ്ടെന്ന് വ്യക്തമാക്കി. കോവിഡ് നിയന്ത്രണ കാര്യത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലോക്ക് ഡൗൺ നേരത്തെ തന്നെ ശക്തമാക്കിയതിനാലാണ് ജനങ്ങളിൽ ഇപ്പോഴെങ്കിലും ബോധവൽക്കരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയരെ ‘ വാസുദേവ കുടുംബ’എന്ന് പരാമർശിച്ച ഗവർണർ മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾ ഏതു സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ളവരാണെന്നും പറഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും മലയാളികൾ കോവിഡ് മഹാമാരിയിൽ അനുഭവിച്ച ദുരിതങ്ങളിലും ദുഃഖങ്ങളിലും കേരളമാകെ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ലോകം മുഴുവൻ ഈ പ്രതിസന്ധിയെ മാറികടക്കുമെന്നുപറഞ്ഞ അദ്ദേഹം “We shall over come” “ലോകാ സമസ്ത സുഖിനോ ഭവന്തു”.. എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

കാനഡയിലെ പ്രമുഖ മാധ്യമമായ മയൂരം ടിവി യും അമേരിക്കയിലെ പ്രമുഖ മാധ്യമമായ കേരള ടൈംസുമായുള്ള മീഡിയ ബ്രിഡ്ജ് എന്ന ആശയവും ചടങ്ങിൽ ഗവർണർ പ്രഖ്യാപനം നടത്തി.

ഒന്‍റാരിയോ സംസ്ഥാന മന്ത്രി സർക്കാരിയ , ഒന്‍റാറിയോ എം പി മാരായ പി. അമർജ്യോത് സന്തു, റൂബി സഹോത എംപി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ,ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പോൾ കറുകപ്പള്ളിൽ ഗവർണറെ ക്ഷണിച്ചു. കുര്യൻ പ്രക്കാനം സ്വാഗതവും ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും യോഗത്തിൽ സംബന്ധിച്ചു. സജിമോൻ ആന്‍റണി അഡ്വ. ക്രിസ് ലാവണിൽ , പ്രവീൺ തോമസ്, ഡോ കല ഷാഹി തുടങ്ങിയവർ എം സി മാരായി പ്രവർത്തിച്ചു. സഞ്ജയ് മോഹൻ, വിപിൻ രാജ് ,ബിജു കൊട്ടാരക്കര, യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വാ,ഗോപകുമാർ നായർ, എന്നിവർ യോഗം നിയന്ത്രിച്ചു.

ഡോാ.മാമ്മൻ സി ജേക്കബ് ,ജോൺ പി. ജോൺ , രാജശ്രീ നായർ , പ്രസാദ് നായർ . ലതാ മേനോൻ, പ്രവീൺ വർക്കി , ജോർജി വർഗീസ് , ഷിബു ചെറിയാൻ, മറിയാമ്മ പിള്ള എന്നിവർ ഗവർണറോട് ചോദ്യങ്ങൾ ചോദിച്ചു. കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

ചരിത്രത്തിലാദ്യമായി അമേരിക്കയിലെയും കാനഡയിലെയും സംഘടനാ നേതാക്കന്മാരെ കോർത്തിണക്കി നടത്തപ്പെട്ട ഈ ചരിത്ര സമ്മേളനത്തിന് നോർത്തമേരിക്കയിലെ പ്രമുഖ പ്രവാസി നേതാക്കന്മാരായ കുര്യൻ പ്രക്കാനം, പോൾ കറുകപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന മുൻ പ്രസിഡന്‍റ് ജോൺ പി ജോൺ, മിസിസൗഗ കേരള അസോസിയേഷൻ പ്രസിഡന്‍റ് പ്രസാദ് നായർ , KCABC പ്രസിഡന്‍റ് രാജശ്രീ നായർ, ഫൊക്കാന ട്രഷറർ സജിമോൻ ആന്‍റണി, ഫിലിപ്പോസ് ഫിലിപ്പ്,ഡോ. കല ഷാഹി തുടങ്ങിയവരടങ്ങിയ കോ ഓർഡിനേഷൻ കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ