ജനറല്‍ ബോഡിയും  ഫോമയുടെ സുപ്രധാന  അധികാര കൈമാറ്റവും

0
609

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ പ്രതിബിംബമായ ഫോമയുടെ ശ്രദ്ധേയമായ വാര്‍ഷിക പൊതുയോഗവും, അനിയന്‍ ജോര്‍ജ് (ന്യൂജേഴ്സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ അധികാരം ഏറ്റെടുക്കലും ഒക്ടോബര്‍ 24-ാം തീയതി ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 3.00ന് നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏവര്‍ക്കും ഒത്തുചേരാന്‍ സാധിക്കാത്തതിനാല്‍ സൂമിലൂടെ വെര്‍ച്വല്‍ ആയി നടക്കുന്ന മീറ്റിംഗില്‍ ഫോമായുടെ 2018-20 വര്‍ഷത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷത വഹിക്കും.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷിനു ജോസഫ് കണക്കും അവതരിപ്പിക്കും. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായിരുന്ന വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കും.

തുടര്‍ന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിക്ക് നിലവിലെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധികാരം കൈമാറും. പിന്നീട് അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവന്‍ എന്നിവര്‍ അഭിസംബോധന ചെയ്യും. ജനറല്‍ സെക്രട്ടറി റ്റി. ഉണ്ണിക്കൃഷ്ണന്‍ വിശദീകരിക്കുന്ന ഫോമായുടെ വരുന്ന രണ്ടുവര്‍ഷത്തെ കര്‍മ പരിപാടികളുടെ രൂപരേഖയും ട്രഷറര്‍ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണവുമാണ് മീറ്റിംഗിന്റെ മറ്റൊരു ഹൈലൈറ്റ്.

കംപ്ലയന്റ്സ് കമ്മിറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ്, ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ മാത്യൂസ് ചെരുവില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലീം) എന്നിവരുടെ സാന്നിധ്യം യോഗത്തില്‍ ഉണ്ടായിരിക്കും. റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 550-ലധികം അംഗസംഘടനാ പ്രതിനിധികള്‍ ഫോമയുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ യോഗത്തില്‍ സംബന്ധിക്കും.

സാജു ജോസഫ് (പി.ആര്‍.ഒ)