ആളില്ല; എയർ കാനഡ വിമാനസർവീസുകൾ റദ്ദാക്കുന്നു

0
638

ഒന്റാരിയോ: കനേഡിയൻ വിമാനസർവീസായ എയർ കാനഡ വിവിധ സ്ഥലങ്ങളിലേക്കുളള വിമാനസർവീസുകൾ റദ്ദാക്കി. കോവിഡ് മൂലം വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്നാണ് പുതിയ തീരുമാനം. ജനുവരി ഇരുപത്തിമൂന്നോടെ ന്യൂ ഫൗണ്ട്‌ലാൻഡിലെ പ്രിൻസ് റുപേർട്, കംപ്ലൂസ്, ഫ്രഡറിക്ടൻ, യെല്ലോനൈഫ്, ഗൂസ്‌ബേ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ എയർ കാനഡ റദ്ദാക്കും.

ഇതിൽ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും ഇത് സംഭവിക്കാമെന്ന് സംഘടനയിൽ ഉൾപ്പെട്ട വിമാനത്താവളങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായും കനേഡിയൻ എയർ പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡാനിയൽറോബർട്ട് ഗോച് പറഞ്ഞു. കാനഡയിലെ വിമാനകമ്പനികൾക്ക് സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കുന്നില്ല. വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾ ഇതുപോലെ തുടരാനാണ് സാധ്യതയെന്നും ഗോച് പറഞ്ഞു.

സർവീസുകൾ നിർത്തിയതിനെ തുടർന്ന് കാനഡയിലെ വ്യോമയാന കമ്പനികളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. തൊണ്ണൂറു ശതമാനം സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ കോവിഡിന്റെ പ്രസരണം തുടങ്ങിയതോടെ ടോറോന്റോയിലെ പോർട്ടർ എയർ ലൈൻസ് സർവീസുകൾ പ്രവർത്തനരഹിതമാണ്. കാനഡയിൽ 17000ത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനം തടയാൻ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഫെഡറൽ ഗവണ്മെന്റ്. കാനഡക്കാരല്ലത്തവർക്ക് അതിർത്തി കടക്കാൻ വിലക്കുണ്ട്. കൂടാതെ 14 ദിവസത്തെ ക്വാറന്റയിനുമുണ്ട്.